സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവർ ആയിരിക്കും നമ്മളിൽ മിക്കവരും . എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ഒരു വീട് നിർമ്മിക്കുന്നതിന് ചിലവഴിക്കേണ്ടി വരുന്നത് വളരെ വലിയ തുകയാണ്. സാധാരണയായി ഇത്രയും വലിയ ഒരു തുക ഒരുമിച്ച് എടുക്കാൻ സാധാരണക്കാരായ എല്ലാവർക്കും സാധിക്കണമെന്നില്ല. ഇങ്ങിനെ ഒരു സാഹചര്യത്തിൽ ബാങ്ക് ലോണുകളെ ആശ്രയിക്കുകയാണ് നമ്മളിൽ പലരും ചെയ്യുന്നത്.
എന്നാൽ ബാങ്ക് ലോണുകൾ ക്ക് അവർ ഈടാക്കുന്നത് ഏകദേശം 8 മുതൽ 12 ശതമാനം നിരക്കിലുള്ള പലിശയാണ്. ഇനി കോപ്പറേറ്റീവ് ബാങ്കുകളുടെ കാര്യമെടുത്താൽ അവർക്ക് പലിശ ഇനത്തിൽ ഒന്നും നൽകേണ്ടി വരുന്നില്ല, എന്നാൽ അതിന് പകരമായി ഒരു മെമ്പർഷിപ്പ് എടുക്കാൻ ആണ് ആവശ്യപ്പെടുക. എന്നാൽ കോപ്പറേറ്റീവ് ബാങ്കുകളും അവരുടെ പഞ്ചായത്തിൽ ഉൾപ്പെടുന്ന വർക്കാണ് വായ്പ നൽകുന്നത്. 100% പലിശരഹിത വായ്പയിൽ ഒരു വീട് പൂർത്തീകരിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും, മറ്റ് ഭവന വായ്പകളെ പറ്റിയും വിശദമായി മനസ്സിലാക്കാം.
ഒരു കോപ്പറേറ്റീവ് ബാങ്ക് മുഖാന്തരം ഭവന വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
ഒരു കോപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതിന് അവർ ആവശ്യപ്പെടുന്നത് അവിടെ ഒരു മെമ്പർഷിപ്പ് എടുക്കുക എന്നതാണ്. ഇത്തരത്തിൽ മെമ്പർഷിപ്പ് എടുക്കുന്നതിന് അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായി വരുന്ന രേഖകൾ ആധാർ കാർഡ്,ഒരു ഫോട്ടോ എന്നിവ സഹിതം ബോർഡ് കമ്മിറ്റിയിലേക്ക് നൽകുക എന്നതാണ്. മെമ്പർഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ 10 ലക്ഷം രൂപ വരെ ലോൺ ഇനത്തിൽ ലഭിക്കുന്നതാണ്. 8ശതമാനം പലിശ നിരക്കിൽ ആണ് ഇതിന് ഈടാക്കുന്നത്. പ്രൂഫ് ആയി നൽകേണ്ടിവരുന്നത് സ്ഥലത്തിന്റെ ആധാരം, കുടിക്കട സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പ്ലാൻ കോപ്പി, എസ്റ്റിമേഷൻ എന്നിവയാണ്. ഇത്രയും രേഖകൾ സമർപ്പിച്ചാൽ നിങ്ങൾക്ക് ഒരു കോപ്പറേറ്റീവ് ബാങ്കിൽ നിന്നും വീട് വെക്കുന്നതിനുള്ള ലോൺ ലഭിക്കുന്നതാണ്.
സാധാരണ ബാങ്കുകളിൽ നിന്നും ഭവന നിർമ്മാണത്തിനായി വായ്പ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
ഒരു ബാങ്കിൽ നിന്ന് വീട് വയ്ക്കുന്നതിനായി വായ്പ എടുക്കുമ്പോഴും മുകളിൽ പറഞ്ഞ രീതിയിലാണ് പ്രൊസീജിയർ, എന്നാൽ ലോൺ അടച്ച് തീർക്കുന്ന കാലാവധിക്ക് അനുസരിച്ച് നൽകേണ്ടിവരുന്നത് ഒരു വലിയ തുകയായിരിക്കും. അതായത് ഒരു മാസ അടവ് ആയി ഏകദേശം നിങ്ങൾ നൽകേണ്ടി വരിക ഇരുപത്തയ്യായിരം രൂപ യുടെ അടുത്താണ്. അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുന്നതിന് ബാങ്ക് ലോണുകൾ എടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം.
കെഎസ്എഫ്ഇ മുഖാന്തരം ഭവനനിർമ്മാണ ചിട്ടികൾ എടുക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്?
വീട് നിർമ്മാണത്തിനായി കെഎസ്എഫ്ഇ ചിട്ടികൾ ആശ്രയിക്കുമ്പോൾ നാട്ടിൽ സാധാരണ ഒരു കുറി നടക്കുന്ന അതേ രീതിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്. അതായത് 40 നറുക്ക് ഉള്ള ഒരു ചിട്ടി ആണ് ഉള്ളത് എങ്കിൽ അതിൽ 40 അംഗങ്ങളാണ് ഉണ്ടാവുക.ഒരു വ്യക്തി ഒരു മാസം ഇരുപത്തി അയ്യായിരം രൂപ വെച്ചാണ് അടയ്ക്കുന്നത് എങ്കിൽ ഇത്തരത്തിൽ 40 മാസമാണ് അടയ്ക്കേണ്ടത്. ആകെ അടയ്ക്കുന്നത് 10 ലക്ഷം രൂപയായിരിക്കും. ഓരോ മാസത്തിലും ഓരോ വ്യക്തിക്കാണ് ചിട്ടി ലഭിക്കുക. ആദ്യ നറുക്കിൽ തന്നെ ചിട്ടി ലഭിക്കുന്ന ഒരു വ്യക്തിക്ക് ഒമ്പതര ലക്ഷം രൂപയാണ് ചിട്ടി തുകയായി ലഭിക്കുക.ആകെ തുകയുടെ അഞ്ച് ശതമാനം കെഎസ്എഫ്ഇ യിൽ സർവീസ് ചാർജ് ആയി നൽകേണ്ടതുണ്ട്. മറ്റൊരു രീതി ചിട്ടി ലേലം വിളിച്ച് എടുക്കുന്ന രീതിയാണ്. ഇങ്ങനെ ചെയ്യുമ്പോഴും കുറച്ചു തുക കുറവായാണ് ലഭിക്കുക. എന്നാൽ പണം അത്യാവശ്യം ആണ് എങ്കിൽ ചിട്ടി ലേലം വിളിച്ച് എടുക്കാവുന്നതാണ്.
കുടുംബശ്രീ വഴി വീട് നിർമ്മാണത്തിന് ലോൺ എടുക്കേണ്ട രീതി എങ്ങനെയാണ്?
മുകളിൽ പറഞ്ഞ രണ്ട് രീതികളെയും അപേക്ഷിച്ച് കുറച്ചുകൂടി നല്ല രീതിയിൽ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് പഞ്ചായത്തുകളിൽ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന വായ്പ പദ്ധതികൾ. എന്നാൽ ഇവിടെ ഒരു പ്രധാന പോരായ്മയായി പറയുന്നത് മൂന്നു ലക്ഷം രൂപ വരെ മാത്രമാണ് വായ്പയായി ലഭിക്കുകയുള്ളൂ. എന്നാൽ ഇതിനായി കുറച്ച് വ്യക്തികൾ അതായത് മിനിമം 10 പേർ അല്ലെങ്കിൽ മാക്സിമം 20 പേർ ഉൾപ്പെടുന്ന ഒരു കുടുംബശ്രീ രൂപീകരിക്കുകയും അത് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം. തുടർന്ന് എല്ലാ ആഴ്ചയിലും കുറച്ചു തുക അതിലേക്ക് അടയ്ക്കുകയും, പത്തു പേരും അടയ്ക്കുന്ന തുക ഒരു മാസം 50,000 രൂപ ആകുമ്പോൾ മൂന്ന് ലക്ഷം രൂപ ലോൺ ആയി ലഭിക്കുന്നതാണ്. ഒരു മുദ്ര പേപ്പറിൽ എഗ്രിമെന്റ് എഴുതി നൽകിയാൽ വളരെ എളുപ്പത്തിൽ മൂന്നു ലക്ഷം രൂപ ലോൺ ആയി ഇത്തരത്തിൽ ലഭിക്കുന്നതാണ്. വെറും നാല് ശതമാനം മാത്രമാണ് ഇതിന് പലിശ ഇനത്തിൽ നൽകേണ്ടി വരുന്നുള്ളൂ. അഞ്ചുവർഷമാണ് തിരിച്ചടവ് കാലാവധി ആയി പറയുന്നത്. പത്തുലക്ഷം രൂപ വരെ ലോൺ ആയി കുടുംബശ്രീ വഴി നേടാവുന്നതാണ് എന്നാൽ ബാക്കി വരുന്ന 7 ലക്ഷം രൂപയ്ക്ക് ബാങ്ക് പറയുന്ന പലിശ നൽകേണ്ടിവരും. അത്യാവശ്യമായി വീടുപണിക്ക് ആവശ്യമായ കാര്യങ്ങൾ ഈ തുക ഉപയോഗിച്ച് ചെയ്യാൻ സാധിക്കും.
പൂർണ്ണമായും പലിശ രഹിത ലോൺ ഉപയോഗിച്ച് എങ്ങിനെ വീട് നിർമ്മിക്കാൻ സാധിക്കും?
അതായത് 100 ശതമാനം പലിശരഹിത വായ്പയിൽ ഒരു വീട് നിർമ്മിക്കാൻ സാധിക്കും. ഇത്തരത്തിൽ വർക്ക് ചെയ്തു കൊടുക്കുന്നവർ നിരവധി പേരുണ്ട്. പ്രത്യേകിച്ച് മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ മലബാർ ഏരിയയിൽ എല്ലാ ഭാഗത്തും പൂർണ്ണമായും പലിശരഹിത വായ്പ യിൽ വീടുകൾ നിർമിച്ചു നൽകുന്നുണ്ട്.
ഇവിടെ വീടിന്റെ പകുതിഭാഗം നിർമ്മിക്കുന്നതിനുള്ള തുകയാണ് ലോണായി നൽകപ്പെടുക.ഒരു വീട് നിർമാണത്തിൽ ഒരു എൻജിനീയറുടെ അല്ലെങ്കിൽ കോൺട്രാക്ടറുടെ ലാഭം എന്നു പറയുന്നത് 10 മുതൽ 20 ശതമാനം വരെയാണ്. അതുകൊണ്ടുതന്നെ നമ്മൾ ഒരു വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പ്ലാൻ, എലിവേഷൻ,ത്രീഡി എന്നീ വിവരങ്ങളെല്ലാം അവർക്ക് കൈമാറുകയും, അതിന് അനുയോജ്യമായ ഒരു ബഡ്ജറ്റ് അവർ നൽകുകയും ചെയ്യും.ആ ബഡ്ജറ്റ് എമൗണ്ടിന്റെ 50 ശതമാനമാണ് ലോൺ ആയി നൽകുക. അഞ്ചുവർഷം കൊണ്ട് ലോൺ ആയി ലഭിച്ച തുക ഗഡുക്കളായി തിരിച്ചടച്ചാൽ മതി.എന്നാൽ ഇവിടെ അവർ നൽകുന്ന ബഡ്ജറ്റിൽ സ്ക്വയർഫീറ്റിന് ഈടാക്കുന്ന തുക കുറച്ച് കൂടുതലായിരിക്കും.
ഒരു രൂപ പോലും ലോൺ എടുക്കാതെ തന്നെ എങ്ങിനെ ഒരു വീട് നിർമ്മിക്കാൻ സാധിക്കും?
നിങ്ങൾക്ക് കൃത്യമായ ഒരു പ്ലാൻ വീട് നിർമ്മാണത്തെ പറ്റി ഉണ്ടെങ്കിൽ ഒരു രൂപ പോലും ലോൺ എടുക്കാതെ തന്നെ പൂർണമായും വീട് നിർമിക്കാൻ സാധിക്കുന്നതാണ്. വ്യത്യസ്ത സ്റ്റേജുകൾ ആയാണ് ഇവിടെ വീട് നിർമ്മിക്കേണ്ടത്.
അതായത് 1000 സ്ക്വയർ ഫീറ്റിൽ ഉള്ള ഒരു വീടിന് ഏകദേശം ചിലവഴിക്കേണ്ടി വരുന്നത് 15 ലക്ഷം രൂപ എന്ന നിരക്കിൽ എടുക്കുകയാണെങ്കിൽ, ഒരു വീട് നിർമ്മിക്കുമ്പോൾ ആദ്യമായി ചെയ്യേണ്ടത് ആവശ്യമായ ഒരു പ്ലാൻ ഉണ്ടാക്കുക എന്നതാണ്. പ്ലാൻ വരയ്ക്കുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് ആവശ്യമായ സ്ഥലം മാത്രം നൽകിക്കൊണ്ട് ചുറ്റളവ് കുറച്ച് പ്ലാൻ വരയ്ക്കുക എന്നതാണ്. ഒരു റക്ട്ടാഗിൾ ടൈപ്പ് ഫോളോ ചെയ്യുകയാണെങ്കിൽ അത് കൂടുതൽ ഫലപ്രദമാണ്.
തുടർന്ന് എല്ലാ വിധ കാര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു എസ്റ്റിമേറ്റ് തയ്യാറാക്കണം.1 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഏകദേശം നൽകേണ്ടിവരുന്നത് 200 രൂപ മുതൽ 400 രൂപ വരെയാണ്.അങ്ങനെ നോക്കുകയാണെങ്കിൽ 10 ലക്ഷം രൂപയുടെ ഒരു എസ്റ്റിമേഷൻ തയ്യാറാക്കാൻ നിങ്ങൾ ഏകദേശം നൽകേണ്ടിവരുന്നത് 2000 രൂപ മുതൽ 4000 രൂപ വരെയാണ്. എന്നിരുന്നാൽ കൂടി പ്ലാൻ വരയ്ക്കുന്ന എൻജിനീയറെ കൊണ്ട് കൃത്യമായ എസ്റ്റിമേഷൻ തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിന്റെ തറ പണിക്ക് ഒരു സ്ക്വയർഫീറ്റിന് ചിലവഴിക്കേണ്ടി വരുന്നത് 150 രൂപ എന്ന നിരക്കിൽ ആയിരിക്കും. ഈ രീതിയിൽ തറ പണിക്ക് മാത്രമായി ചിലവഴിക്കേണ്ടി വരുന്നത് ഒന്നരലക്ഷം രൂപയാണ്. സ്ഥലത്തിന്റെ ഘടന അനുസരിച്ച് ഇവയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. പണി പൂർത്തിയാക്കുന്നതിന് ഒരു ടൈം ലിമിറ്റ് സെറ്റ് ചെയ്യണം. അതായത് രണ്ടു മുതൽ മൂന്നു വർഷം വരെ സമയം എടുത്താണ് വീട് നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ എപ്പോഴാണോ കൈയിൽ ഒന്നരലക്ഷം രൂപ വരുന്നത് അപ്പോൾ തറ പണി പൂർത്തിയാക്കി ഇടുക. സാധാരണയായി തറ പണി പൂർത്തിയായി ഒരു വർഷം സമയം ആവശ്യമാണ്. അതിനുശേഷം സ്ട്രക്ച്ചർ വർക്കുകൾ ആരംഭിക്കാവുന്നതാണ്. സ്ക്വയർഫീറ്റിന് 500 രൂപ നിരക്കിലാണ് ഇവിടെ ചിലവഴിക്കേണ്ടി വരുന്നത്. ഈ രീതിയിൽ അഞ്ചു ലക്ഷം രൂപയാണ് ആകെ ചിലവഴിക്കേണ്ടി വരിക. വീട് നിർമ്മാണത്തിന് ആവശ്യമായ വെട്ടുകല്ല്, അല്ലെങ്കിൽ ഇഷ്ടിക ഏതാണോ അത് ഇറക്കി വയ്ക്കാനായി ശ്രദ്ധിക്കുക.
അടുത്ത സ്റ്റേജ് ആയി വയറിങ് തുടങ്ങാവുന്നതാണ്. വയറിങ് വർക്കുകൾക്ക് ഒരു സ്ക്വയർഫീറ്റിന് 150 രൂപ വരെയാണ് നൽകേണ്ടിവരുന്നത്.ഇത്തരത്തിൽ ആകെ ഒന്നര ലക്ഷം രൂപയാണ് ചിലവഴിക്കേണ്ടി വരിക.
നെക്സ്റ്റ് സ്റ്റേറ്റേജ് ആയി പ്ലാസ്റ്ററിങ് വർക്കുകൾ തുടങ്ങാവുന്നതാണ്. ഇവിടെയും ഒരു സ്ക്വയർഫീറ്റിന് 150 രൂപ നിരക്കിൽ ആകെ ചെലവഴിക്കേണ്ടി വരിക ഒന്നരലക്ഷം രൂപയാണ്. പ്ലാസ്റ്ററിങ്ങിന് മുൻപായി തന്നെ ഡോർ,ജനാലകൾ എന്നിവ ഉണ്ടാക്കി വയ്ക്കേണ്ടതുണ്ട്. ഒരു സ്ക്വയർ ഫീറ്റിന് 150 രൂപ എന്ന നിരക്കിൽ തന്നെയാണ് ഇവയും കണക്കാക്കുന്നത്. വിൻഡോസ്, ഡോർ,ഷട്ടർ എന്നിവ എല്ലാം ഉൾപ്പെടെ ഒന്നര ലക്ഷം രൂപയാണ് ഇവിടെ ചിലവായി കണക്കാക്കേണ്ടത്.
ഫ്ലോറിങ് വർക്കുകൾ ആരംഭിക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന ടൈൽ അനുസരിച്ച് വിലയിൽ ചെറിയ വ്യത്യാസങ്ങൾ വരുന്നതാണ്. എന്നാൽ 60 മുതൽ 70 രൂപ എന്ന നിരക്കിൽ ടൈലുകൾ തിരഞ്ഞെടുത്താൽ സ്ക്വയർഫീറ്റിന് 150 രൂപ എന്ന കണക്കിൽ പെടുത്താവുന്നതാണ്. 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിന് ഏകദേശം 1500 സ്ക്വയർ ഫീറ്റ് എന്ന് കണക്കിലാണ് ടൈൽ എടുക്കേണ്ടി വരിക.ഇവിടെയും ആകെ നൽകേണ്ടിവരുന്നത് ഒന്നരലക്ഷം രൂപയാണ്.
അടുത്ത സ്റ്റേജ് പെയിന്റിംഗ് ആണ്. ഇവിടെ നിങ്ങൾക്ക് പരമാവധി തുക കുറയ്ക്കാനായി സാധിക്കുന്നതാണ്. അതായത് ഏകദേശം ഒരു ലക്ഷം രൂപയിൽ പെയിന്റിങ് വർക്കുകൾ ചെയ്യാൻ സാധിക്കുന്നതാണ്.
മുകളിൽ പറഞ്ഞ രീതിയിൽ വ്യത്യസ്ത സ്റ്റേജുകൾ ആയി ഒരു വീട് പൂർണമായും നിർമ്മിക്കുന്നതിന് ഏകദേശം ബഡ്ജറ്റ് ആയി വരുന്നത് 15 ലക്ഷം രൂപയാണ്.
വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കി വ്യത്യസ്ത സ്റ്റേജുകൾ ആയി തരംതിരിച്ച് കൃത്യമായി എപ്പോൾ പണി തുടങ്ങണമെന്നും പൂർത്തിയാക്കണമെന്നും തീരുമാനിച്ചു വീടുപണി ആരംഭിക്കുകയാണ് എങ്കിൽ നിങ്ങൾക്കും ഇത്തരത്തിൽ ഭവന വായ്പ എടുക്കാതെ തന്നെ വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്.