നിലവിൽ കൊറോണയുടെ പശ്ചാതലത്തിൽ മിക്ക വിദ്യാർത്ഥികളും ഓൺലൈൻ പഠനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല കുടുംബങ്ങളിലെയും വിദ്യാർഥികൾക്ക് ഇത്തരത്തിൽ ലാപ്ടോപ്പ് മൊബൈൽ എന്നിവ ഇല്ലാത്തതുകൊണ്ട് പഠനം നടത്താൻ കഴിയാത്ത ഒരു അവസ്ഥയാണ് ഉള്ളത്. ഇതിന് ഒരു പരിഹാരമെന്നോണം സംസ്ഥാന സർക്കാർ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ്’ വിദ്യ ശ്രീ ‘. ഇതുവഴി ലാപ്ടോപ്പ് ഇല്ലാതെ പഠനം മുടങ്ങി ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വന്തമായി ഒരു ലാപ്ടോപ്പ് ലഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം സർക്കാരിൽ നിന്നും ലഭിക്കുന്നതാണ്. എന്നാൽ നിലവിലെ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തി ഇരിക്കുകയാണ് ഇപ്പോൾ സർക്കാർ. എന്തെല്ലാമാണ് വിദ്യാ ശ്രി പദ്ധതിയുടെ പുതിയ പ്രത്യേകതകൾ എന്നും, ആർക്കെല്ലാം പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുമെന്നും പരിശോധിക്കാം.
വിദ്യാ ശ്രീ ലാപ്ടോപ് പദ്ധതി
സംസ്ഥാന സർക്കാരിന് കീഴിലുള്ള വിദ്യാ ശ്രീ പദ്ധതിപ്രകാരം നിരവധി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭിക്കാത്തതുകൊണ്ട് ധനമന്ത്രിയുടെ കീഴിലുള്ള ഉന്നതതല യോഗം ചേരുകയും, ഇതിന്റെ ഭാഗമായി പദ്ധതി പുനക്രമീകരണം നടത്തുകയും ചെയ്തു. മുൻപ് 15000 രൂപ വരെയുള്ള ലാപ്ടോപ്പുകൾ ആണ് നൽകിയിരുന്നത് എന്നാൽ, പുതിയ രീതി അനുസരിച്ച് 20,000 രൂപ വരെയുള്ള ലാപ്ടോപ്പുകൾ നൽകാനാണ് തീരുമാനം ആയിട്ടുള്ളത്.
Lenovo, HP,ACER, Coconics എന്നിങ്ങനെ നാല് ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ ആണ് മുമ്പ് നൽകാനായി തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം വിദ്യാർത്ഥിക്ക് ഇഷ്ടമുള്ള മോഡൽ ലാപ്ടോപ് അല്ലെങ്കിൽ ടാബ് ഇഷ്ടാനുസരണം ഏത് കടയിൽ നിന്നും വാങ്ങാൻ സാധിക്കുന്നതാണ്.
സംസ്ഥാന സർക്കാർ കെഎസ്എഫ്ഇ കുടുംബശ്രീ മുഖാന്തരം നടപ്പിലക്കിയിരുന്ന വിദ്യാ ശ്രീ പദ്ധതിയിൽനിന്ന് പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ LENOVO, HP ബ്രാൻഡുകൾ പിന്മാറിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ലാപ്ടോപ് നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികളുടെ വില വർധനവാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചത്. പഴയ രീതി അനുസരിച്ച് നിലവിൽ പണം നൽകിയവർക്കും ലാപ്ടോപ് കൃത്യമായി നൽകാൻ സാധിക്കാത്തതാണ് പദ്ധതി പുനരാവിഷ്കരിക്കുന്നതിന് കാരണമായത്.
കുടുംബശ്രീയിൽ അംഗമായ വ്യക്തികൾക്ക് കെഎസ്എഫ്ഇ വഴി വിദ്യാശ്രീ പദ്ധതിയിൽ അംഗമാവുകയും, 30 തവണകളായി പ്രതിമാസം 500 രൂപ നിരക്കിൽ അടച്ച് 15,000 രൂപ നൽകി ലാപ്ടോപ്പ് സ്വന്തമാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഈയൊരു രീതിയിൽ മൂന്ന് തവണ തുടർച്ചയായി പണം അടയ്ക്കുന്നത് വഴി ലാപ്ടോപ്പ് നൽകാൻ ആണ് ഉദ്ദേശിച്ചിരുന്നത്.65,898 പേരാണ് ഇത്തരത്തിൽ ലാപ്ടോപ്പ് ലഭിക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നത് എങ്കിലും, വെറും അയ്യായിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ലാപ്ടോപ്പ് നൽകാൻ സാധിച്ചത്. കൂടാതെ നൽകിയ ലാപ്ടോപ്പുകൾക്ക് ഗുണനിലവാരമില്ല എന്ന പരാതിയും ഉയർന്നിരുന്നു.
ഇതിനെല്ലാമുള്ള ഒരു പരിഹാരമെന്നോണം ധനമന്ത്രി പി ബാലഗോപാലന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പദ്ധതിയിൽ മാറ്റം വരുത്തുകയാണെന്ന് തീരുമാനമെടുത്തു. പഴയ രീതിക്കു പകരം വിദ്യാർത്ഥി ലാപ്ടോപ് അല്ലെങ്കിൽ ടാബ് ഇഷ്ടമുള്ള കടയിൽ നിന്നും വാങ്ങി ബില്ല് കെഎസ്എഫ്ഇ ഓഫീസിൽ നൽകിയാൽ ഇരുപതിനായിരം രൂപ നൽകുന്ന രീതിയിലാണ് പദ്ധതി പുനക്രമീകരിച്ചിട്ടുള്ളത്. തിരിച്ചടവ് കാലാവധി 40 തവണകൾ ആക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ ലാപ്ടോപ്പ് പെട്ടെന്ന് ആവശ്യമില്ലാത്ത വർക്ക് കമ്പനികളിൽ നിന്നും നേരിട്ട് ലാപ്ടോപ്പ് ലഭിക്കുന്ന പഴയ രീതിയിലുള്ള പദ്ധതിവഴി ലാപ്ടോപ്പ് നേടാവുന്നതാണ്. ഓരോരുത്തർക്കും ഇഷ്ടാനുസരണം വാങ്ങേണ്ട രീതി തിരഞ്ഞെടുക്കാവുന്നതാണ്.
നിലവിൽ ലാപ്ടോപ്പ് നൽകുന്നതിൽ വീഴ്ചവരുത്തിയ LENOVO, HP എന്നീ കമ്പനികൾക്കെതിരെ കെഎസ്എഫ്ഇ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. മാനേജിംഗ് ഡയറക്ടർ ശ്രീ വി.പി സുബ്രഹ്മണ്യത്തെ ആണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നിലവിൽ ജൂലൈ മാസം അവസാനത്തോടെ നാല്പത്തി രണ്ടായിരത്തോളം ലാപ്ടോപ് നൽകേണ്ടിയിരുന്ന ഈ കമ്പനികൾ ഇതുവരെ ഒരു ലാപ്ടോപ്പ് പോലും നൽകാത്ത സാഹചര്യത്തിലാണ് KSFE നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.ACER COCONICS കമ്പനികളിൽ നിന്നും നൽകിയ ലാപ്ടോപ്പുകളുടെ പരാതികൾ കമ്പനികൾ നേരിട്ട് തന്നെ പരിഹരിക്കണമെന്നും ധനമന്ത്രിയുടെ കീഴിലുള്ള യോഗത്തിൽ തീരുമാനമെടുത്തു.
ഇത്തരത്തിൽ വിദ്യാ ശ്രീ പദ്ധതിയിൽ വന്നിട്ടുള്ള പുതിയ മാറ്റങ്ങൾ തീർച്ചയായും വിദ്യാർഥികൾക്ക് പെട്ടെന്നുതന്നെ ലാപ്ടോപ്പ് ലഭിക്കുന്നതിനും കൂടുതൽ ഉപകാരപ്രദമാകുന്നതിനും കാരണമാകും എന്ന് പ്രതീക്ഷിക്കാം.ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു എത്തിക്കുക …