പ്രീ അപ്രൂവ്ഡ് വായ്പ : കൊറോണയുടെ പശ്ചാത്തലത്തിൽ ബാങ്കിൽ നേരിട്ട് പോയി ഇടപാടുകൾ നടത്തുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. പണം പിൻവലിക്കൽ പോലുള്ള കാര്യങ്ങൾ എടിഎം വഴിയും, പണം ട്രാൻസ്ഫർ ചെയ്യേണ്ടത് ഓൺലൈൻ വഴിയും ചെയ്യാൻ സാധിക്കുമെങ്കിലും ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതിന് നേരിട്ട് പോകേണ്ട അവസ്ഥ തന്നെയാണ് ഉള്ളത്. എന്നാൽ ഇതിന് ഒരു പരിഹാരമെന്നോണം ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ 20,000 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള പ്രീ അപ്രൂവ്ഡ് വായ്പകൾ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ.
റീട്ടെയിൽ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി വായ്പാ സൗകര്യം നൽകുന്നതിനായി എസ് ബി ഐ ഓൺലൈൻ പ്ലാറ്റ്ഫോമായ യോനോ ഉപയോഗിച്ച് ‘എസ് ബി ഐ ഈസി റൈഡ്’, ‘കൃഷി സഫൽ ഡയറി ലോൺ’ എന്നീ പേരുകളിലാണ് ലോൺ അവതരിപ്പിച്ചിട്ടുള്ളത്. അർഹതപ്പെട്ട ഉപഭോക്താക്കൾക്ക്ഈ 2 പ്രീ അപ്രൂവ്ഡ് ലോണുകളും ഓൺലൈനായി നേടാവുന്നതാണ്. ബാങ്ക് ശാഖ സന്ദർശിക്കാതെയും യാതൊരു ബാങ്ക് നടപടികളും നേരിടേണ്ടി വരുന്നില്ല എന്നതും ഈ ബാങ്ക് ലോണിന്റെ പ്രത്യേകതകളാണ്.
യോനോ ആപ്പ് ഉപയോഗിച്ച് 20,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് പ്രീ അപ്രൂവ്ഡ് ഇനത്തിൽ വായ്പയായി ലഭിക്കുക.10.5%മാണ് പലിശയിനത്തിൽ ഈടാക്കുക. നാലു വർഷമാണ് പരമാവധി വായ്പ കാലയളവായി പറയുന്നത്. സ്വന്തമായി ഇരുചക്രവാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാഹനത്തിന്റെ 85% വരെ ലോണായി നേടാവുന്നതാണ്.
ക്ഷീര കർഷകർക്കായി അവതരിപ്പിച്ചിട്ടുള്ള യോണോ കൃഷി സഫൽ ഡയറി ലോൺ വഴി കർഷകർക്കുള്ള ധന ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്. ലോൺ ലഭിക്കുന്നതിനായി യാതൊന്നും ഈടായി നൽകേണ്ടതില്ല എന്നതും, പ്രോസസിങ് നടപടികൾ വളരെ എളുപ്പമാണ് എന്നതും ലോണിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. കോർപ്പറേറ്റ് ടൈ അപ്പ് വഴി കുറഞ്ഞ പലിശ നിരക്കിൽ കർഷകർക്ക് ഈ ലോൺ ലഭ്യമാക്കുമെന്ന് SBI വ്യക്തമാക്കിയിട്ടുണ്ട്. യോനോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ, വെബ്സൈറ്റ് വഴിയോ ലോണിനായി അപേക്ഷ നൽകാവുന്നതാണ്.
യോനോ ഉപയോഗിക്കാത്തവർക്ക് മൊബൈൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം യോനോ കൃഷി എന്ന വിഭാഗത്തിൽ നിന്ന് ലോണുമായി സംബന്ധിച്ച സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആൻഡ്രോയിഡ് ഐഫോൺ പ്ലാറ്റ്ഫോമുകളിൽ യോനോ ആപ്പ് ലഭ്യമാണ്.
എസ്ബിഐ ഉപഭോക്താക്കൾക്ക് എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുക എന്നതാണ് യോനോ ആപ്പ് വഴി ബാങ്ക് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ എസ് ബി ഐ മുച്വൽ ഫണ്ടുകൾ, കാർഡുകൾ, ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, സെക്യൂരിറ്റി സംബന്ധിച്ച കാര്യങ്ങൾ, എന്നിവയും യോണോ വഴി എസ് ബി ഐ ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ തീർച്ചയായും പുതിയ ഈ ഒരു വായ്പ സേവനം കൂടി ഓൺലൈൻ വഴി നടപ്പിലാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുകയാണ് എസ് ബി ഐ.