കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് വിദേശയാത്രകളും മറ്റും ഒഴിവാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വിമാനസർവീസ് കമ്പനികൾക്ക് വലിയ നഷ്ടമാണ് കൊറോണ വരുത്തിവെച്ചത്. ഇത്തരത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉള്ള ഗണ്യമായ കുറവ് നികത്തുന്നതിനായി വ്യത്യസ്ത വിമാനകമ്പനികൾ അവരുടെ യാത്രാനിരക്കുകളിൽ വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ വിമാനക്കമ്പനികൾ എല്ലാം ഇത്തരത്തിൽ യാത്രാനിരക്കിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രശസ്ത വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര യാത്രകൾക്കായി 877 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. നിലവിൽ ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള യാത്രകൾക്കായിരിക്കും ഈ ഓഫർ ബാധകം. സ്പൈസ് ജെറ്റ്,വിസ്താര എന്നിവയും അവരുടെ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.
ആഭ്യന്തര കമ്പനികൾ മാത്രമല്ല അന്താരാഷ്ട്ര വിമാന കമ്പനികളും അവരുടെ സർവ്വീസുകൾക്ക് ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. അബുദാബി, ദുബായ് എന്നീ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തിയാട് ഫ്ലൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന മുതിർന്ന ഒരാൾക്ക് അവരുടെ കുട്ടികളെ സൗജന്യ ടിക്കറ്റിൽ കൊണ്ടു പോകാവുന്നതാണ്. ജനുവരി 28 നും സെപ്റ്റംബർ 30 നും ഇടയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആണ് ഈ ആനുകൂല്യം ലഭ്യമാകുക.
11 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് യാത്രാനിരക്കിൽ ഉള്ള ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആവുക. ഓരോ മുതിർന്നയാൾ ക്കും തങ്ങളുടെ രണ്ടു കുട്ടികളെ വീതംസൗജന്യ ടിക്കറ്റിൽ കൊണ്ടു പോകാവുന്നതാണ്. നിലവിൽ യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ കുറവ് വിമാനക്കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ് വിമാനക്കമ്പനികൾ പുറത്തിറക്കിയിരിക്കുന്നത്. യാത്രാനിരക്കിലെ ഈ ആനുകൂല്യം തീർച്ചയായും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനു കാരണമായേക്കുമെന്ന് വിമാന കമ്പനികൾ പ്രതീക്ഷിക്കുന്നു.