കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിയിട്ടുള്ളത്. അതു കൊണ്ടു തന്നെ ചെറിയ രീതിയിലെങ്കിലും ഒരു സംരംഭം തുടങ്ങുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്ന കാര്യം. ഇതിനായി ബാങ്കുകളെ സമീപിക്കുകയാണെങ്കിൽ പലപ്പോഴും നൽകേണ്ടിവരുന്നത് ഉയർന്നതോതിലുള്ള പലിശ നിരക്കായിരിക്കും.
എന്നാൽ യാതൊന്നും ഈടോ ജാമ്യമോ ആയി നൽകാതെ തന്നെ വെറും 5 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപ വരെ ലഭിക്കുന്ന കേരള ബാങ്ക് വായ്പാ പദ്ധതിയെ പറ്റി വിശദമായി മനസ്സിലാക്കാം.
KB SUVIDHA PLUS ( കെ ബി സുവിധ പ്ലസ് ) എന്ന് പേര് നൽകിയിട്ടുള്ള ഈയൊരു പദ്ധതിവഴി 5 ലക്ഷം രൂപ വരെ അഞ്ച് ശതമാനം പലിശയിൽ ലോൺ ആയി നേടാൻ സാധിക്കുന്നതാണ്. 60 മാസമാണ് തിരിച്ചടവ് കാലാവധിയായി പറയുന്നത്. സ്വയംതൊഴിൽ തുടങ്ങുന്നതിന് വേണ്ടി മാത്രമല്ല ബസ് ഓടിക്കുന്ന വർക്കും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും 2 ലക്ഷം രൂപ വരെ പദ്ധതിപ്രകാരം വായ്പ നേടാവുന്നതാണ്.
സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാതൊന്നും ഈടോ ജാമ്യമോ ആയി നൽകാതെ തന്നെ 5 ലക്ഷം രൂപ വരെ വായ്പ ഇനത്തിൽ നേടാവുന്നതാണ്.
വെള്ളപ്പൊക്കം കോവിഡ് പ്രതിസന്ധി എന്നിവമൂലം ഉല്പാദന, സേവന, വിപണന മേഖലകളിൽ നഷ്ടം വന്ന സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പ്രധാനമായും കേരളബാങ്ക് ഈ ഒരു വായ്പാപദ്ധതി വഴി ഉന്നമിടുന്നത്.
വ്യത്യസ്ത രീതിയിൽ പ്രതിസന്ധികൾ നേരിടേണ്ടിവന്ന സംരംഭകർ, ബസ് ജീവനക്കാർ, ഇടത്തരം ബിസിനസുകൾ നടത്തുന്നവർ, ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർ, ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കും വായ്പാ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്.
9% പലിശ ഇനത്തിൽ ഈടാക്കുന്നുണ്ട് എങ്കിലും ഇതിൽ നാല് ശതമാനം സബ്സിഡി ഇനത്തിൽ ലഭിക്കുന്നത് കൊണ്ട് വെറും 5 ശതമാനം പലിശയിൽ മാത്രമാണ് തുക തിരിച്ചടയ്ക്കേണ്ടി വരുന്നുള്ളൂ. കൂടാതെ 60 മാസം തിരിച്ചടവ് കാലാവധി ഉപയോഗപ്പെടുത്തി ലോൺ തിരിച്ചടയ്ക്കാൻ സാധിക്കുമെന്നത് കൂടുതൽ ആശ്വാസകരമായ കാര്യമാണ്. എന്നാൽ വായ്പ നൽകുന്നതിന് മുൻപായി സിബിൽ സ്കോർ പരിശോധിക്കുന്നതായിരിക്കും.
2 ലക്ഷം രൂപ വരെ വായ്പകൾ എടുക്കുന്നവർക്ക് സിബിൽ സ്കോർ ബാധകമായിരിക്കില്ല. എന്നാൽ അഞ്ചു ലക്ഷം രൂപ വായ്പയായി ലഭിക്കണമെങ്കിൽ സിബിൽ സ്കോർ പരിശോധന നിർബന്ധമാണ്.
ഇത്തരത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ, ബസ് ജീവനക്കാർ, ഇരുചക്ര ഇലക്ട്രിക് വാഹന ഉപയോക്താക്കൾ എന്നിവർക്കെല്ലാം വായ്പയെ പറ്റി വിശദമായി അറിയാൻ തൊട്ടടുത്തുള്ള കേരള ബാങ്ക് ബ്രാഞ്ച് സന്ദർശിക്കാവുന്നതാണ്.