ഒരു വീട് നിർമ്മാണം തുടങ്ങുമ്പോൾ അല്ലെങ്കിൽ പൂർത്തിയാകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. വീട് നിർമ്മിച്ചു തുടങ്ങുന്നതിനുള്ള പെർമിറ്റ് മുതൽ ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നതിന് ശരിയാക്കേണ്ട കാര്യങ്ങൾ വരെ പലർക്കും കൃത്യമായി അറിയുന്നുണ്ടാവില്ല. പെർമിഷൻ ലഭിക്കാതെ വീട് നിർമ്മാണത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി ഭാവിയിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഒരു വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കാം.
പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നതിന് പ്രധാനമായും മൂന്ന് പേപ്പറുകൾ ആവശ്യമാണ്. ആദ്യത്തെ പേപ്പർ ലാൻഡ് ടാക്സ് അല്ലെങ്കിൽ കരമടച്ച രസീത്, ഐഡന്റിറ്റി പ്രൂഫ് ആയി ആധാർ കാർഡ്, വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന പൊസഷൻ സർട്ടിഫിക്കറ്റ്. ഇത് ലഭിക്കുന്നതിനായി അക്ഷയ സെന്റർ വഴി അപേക്ഷ നൽകുകയാണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും പൊസഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പൊസഷൻ സർട്ടിഫിക്കറ്റിന് അപ്ലൈ ചെയ്യുമ്പോൾ അത് കെഎസ്ഇബിക്ക് വേണ്ടി ആണെന്ന് പ്രത്യേകം എടുത്തു പറയണം.
ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നതിന് മുൻപായി വീട്ടിൽ ഒരു ടെമ്പററി ഫിറ്റിംഗ്സ് എടുക്കേണ്ടതുണ്ട്. അതായത് ഒരു മീറ്റർ വയ്ക്കുന്നതിനുള്ള ബോക്സ്, ഫ്യൂസ് ക്യാരർ, രണ്ട് മൂന്ന് പ്ലഗ്ഗുകൾ അതോടൊപ്പം സ്വിച്ച്, ഇ എൽ സി ബി ഡിവൈസ് എന്നിവ ആവശ്യമാണ്.
ഇത്തരത്തിൽ ടെമ്പററി കണക്ഷൻ എടുക്കുന്നതിന് ആവശ്യമായ ബോക്സുകൾ ഇപ്പോൾ ഷോപ്പുകളിൽ ലഭ്യമാണ്. ബോക്സുകൾ വാങ്ങി അത് ഫിറ്റ് ചെയ്യാൻ പറ്റുന്ന രീതിയിൽ സ്റ്റാൻഡ് നിർമ്മിക്കണം. സ്റ്റാൻഡ് നിർമ്മിക്കുമ്പോൾ ഒരു റൂഫ് നൽകാനായി പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഏറ്റവും അടുത്തുള്ള പോസ്റ്റ് കിട്ടുന്ന രീതിയിൽ ബോക്സ് സ്ഥാപിക്കണം.
തുടർന്ന് ഒരു രജിസ്റ്റർഡ് ഇലക്ട്രീഷ്യനെ കണ്ട് നേരത്തെ പറഞ്ഞ കരമടച്ച രസീത്, ആധാർ കാർഡ്, പൊസഷൻ സർട്ടിഫിക്കറ്റ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നൽകണം. ഇലക്ട്രീഷ്യൻ കണക്ഷൻ ലഭിക്കുന്നതിന് ആവശ്യമായ പേപ്പറുകൾ പ്ലാൻ എന്നിവ തയ്യാറാക്കി തരുന്നതാണ്. ഈ അപ്ലിക്കേഷൻ നിങ്ങളുടെ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നൽകണം.
അപേക്ഷ സമർപ്പിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം കെഎസ്ഇബി ഓഫീസിൽ നിന്നും നിങ്ങൾ സ്ഥാപിച്ച ടെമ്പററി കണക്ഷൻ ബോർഡ് ചെക്ക് ചെയ്യുന്നതിനായി ഓഫീസർ വരുന്നതാണ്. വെരിഫിക്കേഷൻ ഓഫീസർ ഒരു റിപ്പോർട്ട് തയ്യാറാക്കി അത് കെഎസ്ഇബി ഓഫീസിൽ നൽകുകയും, ശേഷം നിങ്ങളെ വിവരം അറിയിക്കുമ്പോൾ കണക്ഷൻ ലഭിക്കുന്നതിന് ആവശ്യമായ ഫീസ് കെഎസ്ഇബി ഓഫീസിൽ അടയ്ക്കുകയും ചെയ്യേണ്ടതാണ്. പണമടച്ച് ഒരാഴ്ചയ്ക്കുശേഷം കണക്ഷൻ തരുന്നതിനായി ഇലക്ട്രിസിറ്റി ഓഫീസിൽ നിന്നും ആൾക്കാർ വരികയും ചെയ്യുന്നതാണ്. ആ സമയത്ത് കണക്ഷൻ ലഭിക്കുന്നതിന് ആവശ്യമായ സ്റ്റേ വയറുകൾ വാങ്ങി നൽകേണ്ടതുണ്ട്.
വീട് പണിക്ക് അല്ലെങ്കിൽ കൺസ്ട്രക്ഷനായി നൽകുന്ന ടെമ്പററി കണക്ഷൻ അറിയപ്പെടുന്നത് 6F എന്നാണ്. ഈ കണക്ഷൻ നിയമപരമായി മറ്റ് ഒരു ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ പാടില്ല. കൂടാതെ നിങ്ങളുടെ വീട്ടിലെ കണക്ഷനിൽ നിന്നും ഒരു കാരണവശാലും കൺസ്ട്രക്ഷൻ ആവശ്യങ്ങൾക്കുള്ള കറണ്ട് ഉപയോഗിക്കാൻ പാടുള്ളതല്ല.
കണക്ഷൻ എടുക്കേണ്ടി വരുന്നത് മറ്റൊരാളുടെ സ്ഥലത്തുനിന്നാണ് എങ്കിൽ കൺ സെന്റ് ആവശ്യമാണ്. ഇത് ലഭിക്കുന്നതിനായി ചിലപ്പോൾ ടാക്സ് റസിപ്റ്റ് കോപ്പി കെഎസ്ഇബി ഓഫീസിൽ നൽകേണ്ടതുണ്ട്. എന്നാൽ മിക്കപ്പോഴും ഒരു വെള്ളപേപ്പറിൽ എഴുതി നൽകാനാണ് ആവശ്യപ്പെടുക. ഓഫീസിൽ നിന്നും ആവശ്യപ്പെടുന്ന രീതി അനുസരിച്ച് അപ്ലിക്കേഷൻ നൽകുക. ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഒരു വീട് നിർമ്മാണം നടത്തുന്നതിന് ആവശ്യമായ ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കുന്നതാണ്.