സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ നൽകിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള ലൈഫ് മിഷൻ പദ്ധതി പ്രകാരം നിരവധി പേർക്ക് വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിച്ചു . നിലവിൽ രണ്ട് ഘട്ടങ്ങളിലായി ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ചവർ നിരവധിയാണ്.
പട്ടികജാതി പട്ടികവർഗ്ഗ കോർപ്പറേഷൻ നടപ്പിലാക്കുന്ന ഈയൊരു പദ്ധതി വഴി ഭൂരഹിതരായ ആളുകൾക്ക് ഭൂമി വാങ്ങി വീട് വയ്ക്കുന്നതിന് വേണ്ടി സർക്കാരിൽ നിന്നും ആറ് ലക്ഷം രൂപ വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്. പുതിയതായി വീട് വക്കുന്നവർക്ക് വേണ്ടി മാത്രമല്ല വീടുപണി ഭാഗികമായി പൂർത്തീകരിച്ചവർക്കും തുടർ പണികൾക്കായി ഈയൊരു വായ്പ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്. വീടു പണി പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായമായി നൽകുക.
സ്വന്തമായി വീടില്ലാത്ത പട്ടികജാതി വിഭാഗത്തിൽപെട്ട ഭൂരഹിതരായ ആളുകൾക്ക് പദ്ധതിയുടെ ആനുകൂല്യം നേടാവുന്നതാണ്. ഗ്രാമപ്രദേശത്ത് വീടുവയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് കുറഞ്ഞത് 5 സെന്റ് ഭൂമി വാങ്ങുന്നതിനായി 3.75 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്.
എന്നാൽ മുനിസിപ്പാലിറ്റി പരിധിയിൽ വീടുവയ്ക്കാൻ സ്ഥലം വാങ്ങുന്നവർക്ക് നാലര ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. കോർപ്പറേഷൻ പരിധിയിൽ ആറ് ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. സാമ്പത്തിക സഹായം കൈപ്പറ്റിയവർ മുകളിൽ പറഞ്ഞ അളവിൽ ഭൂമി നിർബന്ധമായും വാങ്ങിയിട്ടുണ്ടായിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയായിരിക്കും അപേക്ഷകൾ സമർപ്പിച്ചതിൽ നിന്നും അർഹരായ ആളുകളെ കണ്ടെത്തുക.
അപേക്ഷ സമർപ്പിക്കേണ്ട രീതി എങ്ങിനെയാണ്?
അർഹരായ വ്യക്തികൾ ജാതി,വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറുടെ പക്കൽ നിന്നും ഭൂമി ഇല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, ലൈഫ് മിഷൻ പോലുള്ള പദ്ധതികൾ വഴി വീട് വയ്ക്കുന്നതിനുള്ള ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതിനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്.
വാർഷികവരുമാനം 50000 രൂപ വരെ ഉള്ളവർക്ക് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട വീടു പണി പൂർത്തിയാകാത്ത ആളുകൾക്ക് വീടിന്റെ എസ്റ്റിമേറ്റ് അനുസരിച്ച് ഒന്നരലക്ഷം രൂപ വരെയും ലഭിക്കുന്നതാണ്. എന്നാൽ അപേക്ഷ സമർപ്പിക്കുമ്പോൾ അതിനോടൊപ്പം സർക്കാറിൽ നിന്നും മറ്റ് വീട് വയ്ക്കുന്നതിനുള്ള ആനുകൂല്യങ്ങൾ നേടിയിട്ടില്ല എന്ന് തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. വീടുപണിയിൽ മേൽക്കൂര പണി പൂർത്തിയാകാത്ത പിന്നോക്ക വിഭാഗക്കാർക്കും ഈയൊരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.