കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നത് എല്ലാവരിലും കൂടുതൽ ഭീതി പടർത്തിയി രിക്കുകയാണ്. എന്നുമാത്രമല്ല കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശുപത്രികളിൽ കിടക്കകൾ ലഭിക്കാതെ ഇരിക്കുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ ICU, വെന്റിലേറ്റർ ആവശ്യമുള്ളവർക്ക് ലഭിക്കാതെ വരുന്നതിനും കാരണമാകും എന്നതാണ് എല്ലാവരുടെയും ഉള്ളിലെ ആശങ്ക വർധിപ്പിക്കുന്ന കാര്യങ്ങൾ.
സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ വെന്റിലേറ്റർ സംവിധാനം ഉപയോഗപ്പെടുത്തിയാൽ തന്നെ ബില്ലായി വളരെ വലിയ ഒരു തുക നൽകേണ്ടിവരുന്നത് സാധാരണക്കാരെ വളരെയധികം കഷ്ടപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാൻ കഴിയുന്ന ഒരു വെന്റിലേറ്റർ നിർമ്മിച്ചിരിക്കുകയാണ് മുണ്ടക്കയം സ്വദേശി പുത്തൻപുരയ്ക്കൽ ഷിനോജ് പ്രസന്നൻ എന്ന ഹരി. വെറും 2000 രൂപയ്ക്ക് താഴെ മാത്രമാണ് ഈ ഒരു വെന്റിലേറ്റർ നിർമിക്കാൻ ചിലവു വരുന്നുള്ളു എന്നതാണ് പ്രത്യേകത.ഹരി നിർമ്മിച്ചിട്ടുള്ള ഈ വെന്റിലേറ്റർ സംവിധാനത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.
ഇത്തരമൊരു വെന്റിലേറ്റർ നിർമ്മിക്കുന്നതിന് ആവശ്യമായിട്ടുള്ളത് ഒരു പലക കഷ്ണം, അര മീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള 2 പിവിസി പൈപ്പുകൾ, വാഹനങ്ങളിൽ വെള്ളം വീണാൽ അത് തുടച്ചു മാറ്റുന്നതിന് ഉപയോഗിക്കുന്ന വൈപ്പർ മോട്ടോർ, 12 വോൾട്ടിന്റെ ഒരു റെഗുലേറ്റർ, ഒരു ആബൂ ബാഗ് , വാഷിംഗ് മെഷീനിൽ വെള്ളം വരുന്നതിന് ഉപയോഗിക്കുന്ന കേൾ ആയിട്ടുള്ള പൈപ്പ് ഇത്രയും മാത്രമാണ്.
ഇത്തരമൊരു ആശയത്തിലേക്ക് ഹരിയെ എത്തിച്ചത് അഞ്ചുമാസം മുൻപ് കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൃത്രിമ ശ്വാസം ലഭിക്കുന്നതിനുവേണ്ടി ഒരു രോഗിയെ കൊണ്ടുപോകേണ്ടി വന്നപ്പോഴാണ്. ഇതിനെല്ലാം പുറമേ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം വെന്റിലേറ്റർ ലഭ്യത കുറയാൻ കാരണമായത് ഇത്തരമൊരു ആശയത്തെ കൂടുതൽ ചിന്തിക്കുന്നതിന് ഇടയാക്കി.
ഇത്തരത്തിൽ വെന്റിലേറ്റർ നിർമ്മിച്ച ശേഷം ശേഷം അടുപ്പമുള്ള ഡോക്ടർമാരോട് ഇതിനെ പറ്റി സംസാരിച്ചപ്പോൾ ഉപയോഗപ്രദമാണ് എന്ന് മറുപടി കൂടുതൽ ആത്മവിശ്വാസം നൽകി. വീടുകളിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിൽ അല്ല മറിച്ച് വാഹനങ്ങളിൽ ഒരു അഡാപ്റ്റർ ഉപയോഗിച്ചുകൊണ്ട് കണക്ട് ചെയ്തു ഇവ ഉപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. അതുവഴി അത്യാവശ്യഘട്ടത്തിൽ ശ്വാസം ലഭിക്കാത്ത ഒരു രോഗിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാം എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്. എമർജൻസി വെന്റിലേറ്റർ എന്ന രീതിയിൽ രീതിയിൽ തീർച്ചയായും ഉപയോഗപ്പെടുന്നത് തന്നെയാണ് ഇദ്ദേഹം കണ്ടെത്തിയ വെന്റിലേറ്റർ.
നിർമ്മാണരീതി നോക്കുകയാണെങ്കിൽ ഓൺലൈനിൽ നിന്നും ലഭിക്കുന്ന ആബൂ ബാഗ് ഒരു വൈപ്പർ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രീതിയിലാണ് നിർമാണം.സ്പീഡ് കൂട്ടുന്നതിനും കുറയ്ക്കുന്നതിനും ആയി ആബൂ ബാഗിൽ ഉണ്ടാകുന്ന പ്രഷർ വ്യതിയാനം സഹായിക്കുന്നു . ഒരു ബാഗ് ഉപയോഗിച്ച് ഓക്സിജൻ ലഭിക്കുന്നത് കാണാവുന്നതാണ്.ഈ രീതിയിൽ സാധാരണ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് കൃത്രിമശ്വാസം നൽകാവുന്നതാണ്.
അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ഉപയോഗിച്ച് ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ മെഡിക്കൽ ഓക്സിജൻ ലഭിക്കുന്നതിനായി പൈപ്പ് സിലിണ്ടറിലേക്ക് കണക്ട് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 12 വോൾട്ടിൽ പ്രവർത്തിക്കുന്ന ഒരു അഡാപ്റ്റർ ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യുന്ന പോർട്ട് വഴി കൊടുത്താൽ ഇത് വാഹനത്തിലും പ്രവർത്തിപ്പിക്കാവുന്നതാണ്.
പ്രാണവായുവിനായി ജനങ്ങൾ പരക്കംപാഞ്ഞു കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് തീർച്ചയായും ഹരി കണ്ടുപിടിച്ച ഈ ഒരു വെന്റിലേറ്റർ വളരെയധികം ഉപകാരപ്രദമാണ് എന്ന് തന്നെ പറയാം. ഇത്തരമൊരു വെന്റിലേറ്റർ നിർമ്മാണത്തിന് ഇദ്ദേഹത്തിന് കൂട്ടായി നിന്നത് ഭാര്യ സ്വപ്ന മക്കളായ മാധവൻ ,ശ്രീഹരി എന്നിവരാണ്. ഐ ടി ഐ യും അതിനുശേഷമുള്ള മീഡിയ ഇലക്ട്രോണിക് കോഴ്സും ആണ് ഇദ്ദേഹത്തിന് ഇത്തരമൊരു മേഖലയിലേക്കുള്ള പ്രചോദനം