സ്വന്തമായി ഒരു വീട് പണിയാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.എന്നാൽ ഒരു വീട് പണിയുന്നതിന് ആവശ്യമായ സാമ്പത്തികം ലഭിക്കുക എന്നതാണ് പലപ്പോഴും വലിയ പ്രശ്നമായി പലരുടെയും മുൻപിൽ ഉള്ളത്. എന്നാൽ കേന്ദ്ര സർക്കാർ സാധാരണക്കാർക്ക് മാത്രം അല്ലാതെ ഇടത്തരക്കാർക്ക് കൂടി സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പുറത്തിറക്കിയിട്ടുള്ള പുതിയ ഭവന വായ്പ പദ്ധതിയെപ്പറ്റി ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
പ്രധാൻമന്ത്രി ആവാസ് യോജന അർബൻ പദ്ധതി പ്രകാരമാണ് ഇടത്തരക്കാർക്കും ഉയർന്ന വരുമാനമുള്ള വർക്കും സ്വന്തമായി ഒരു ഭവനത്തിനായി 70000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ഒരു കാര്യം കൂടി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇത്തരമൊരു പദ്ധതി ഉപയോഗപ്പെടുത്തി ഒരു വീട് വയ്ക്കുന്നതിലൂടെ കമ്പി, സിമന്റ്,പ്ലംബിങ് മെറ്റീരിയൽ, ഇലക്ട്രിക്കൽ മെറ്റീരിയൽ എന്നിങ്ങനെ ഏകദേശം 250-ഓളം മെറ്റീരിയലുകൾ വിറ്റഴിക്കപ്പെടും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
അതുകൊണ്ടുതന്നെ ഇത് സാമ്പത്തിക മേഖലയെ കര കയറ്റുന്നതിനും സഹായിക്കും. ഈ പദ്ധതി പ്രകാരം വായ്പാ അധിഷ്ഠിത സബ്സിഡിയോടെ ആണ് തുക ലഭിക്കുക. ഇടത്തരക്കാരായ എം ഐ ജി 1,എം ഐ ജി 2 എന്നീ വിഭാഗക്കാർക്ക് 2021 മാർച്ച് 31നു മുൻപായി ഭവന പദ്ധതിക്ക് അപേക്ഷിക്കാവുന്നതാണ്.
എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും താഴ്ന്ന വരുമാനം ഉള്ളവർക്കും 2022 മാർച്ച് 31 വരെ ഭവനത്തിന് ആയി അപേക്ഷ ഉണ്ടാവുന്നതാണ്. വാർഷിക കുടുംബ വരുമാനത്തിന് അനുസരിച്ചാണ് ഇടത്തരക്കാരെ 2 കാറ്റഗറി ആയി തരംതിരിച്ചിരിക്കുന്നത്.
MIG 1 വിഭാഗത്തിൽ 6 മുതൽ 12 ലക്ഷം രൂപ വരെ വാർഷികവരുമാനം ഉള്ളവരാണ് പെടുന്നത്. MIG 2 കാറ്റഗറിയിൽ പന്ത്രണ്ടു മുതൽ പതിനെട്ടു ലക്ഷം വരെ വാർഷിക വരുമാനമുള്ള വരാണ് ഉൾപ്പെടുന്നത്.
MIG 1 ൽ ഉള്ളവർക്ക് 1721 സ്ക്വയർഫീറ്റിൽ ഉള്ള വീട് വയ്ക്കാവുന്നതാണ്. വായ്പാ തുകയുടെ 9 ലക്ഷം രൂപയ്ക്ക് 20 വർഷത്തെ പലിശ കാലാവധിയിൽ 4 ശതമാനം സബ്സിഡി തുകയായി ലഭിക്കുന്നതാണ്.
അതായത് സബ്സിഡി തുകയായി രണ്ട് ലക്ഷത്തി അറുപതയായ്യിരത്തി മുപ്പത്തിഎട്ട് രൂപയോളം ലഭിക്കുന്നതാണ്. 30 ലക്ഷം രൂപയോളം വായ്പ എടുത്താലും എടുക്കുന്ന തുകയുടെ ഒൻപത് ലക്ഷം രൂപയ്ക്ക് മാത്രമാണ് നാല് ശതമാനം സബ്സിഡി ലഭിക്കുകയുള്ളൂ.
MIG 2 വിഭാഗക്കാർക്ക് 2152 സ്ക്വയർ ഫീറ്റ് ഉള്ള വീടാണ് നിർമ്മിക്കാൻ സാധിക്കുക. വായ്പാ തുകയുടെ 12 ലക്ഷം രൂപയ്ക്ക് 20 വർഷത്തെ പലിശ കാലാവധിയിൽ മൂന്ന് ശതമാനം തുക സബ്സിഡിയായി ലഭിക്കുന്നതാണ്. 230168 രൂപയോളം ആണ് ഇത്തരത്തിൽ തുകയായി ലഭിക്കുക.
മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ എല്ലാവിധ നിബന്ധനകളും അംഗീകരിച്ചുകൊണ്ട് വീടു പണിയുന്നവർക്ക് മാത്രമാണ് ഭവന വായ്പാ പദ്ധതിയുടെ അനുകൂല്യങ്ങൾ ലഭിക്കുക. വീട് മാത്രമല്ല ഫ്ലാറ്റ്, വില്ല എന്നിവ വാങ്ങുവാനും ഈ ഭവന വായ്പാ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്. പലിശ സബ്സിഡി തുക അപേക്ഷകന്റെ വായ്പ ബാങ്ക് അക്കൗണ്ടിൽ തുടക്കത്തിൽ തന്നെ ലഭിക്കുന്നതാണ്. ഇത് പലിശയുടെയും EMI യുടെയും തുക കുറയുന്നതിന് കാരണമാകും.
കോർപറേഷൻ മുനിസിപ്പാലിറ്റി പരിധിയിൽ ഒരു വീട്,ഫ്ലാറ്റ് അല്ലെങ്കിൽ വില്ല സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ പദ്ധതി. എന്ന് മാത്രമല്ല മിക്ക ബാങ്കുകളും 7 ശതമാനം പലിശ നിരക്കുകളിൽ ഭവന വായ്പകൾ നൽകുന്നുണ്ട് അതോടൊപ്പം സബ്സിഡി തുകയായി കേന്ദ്ര സർക്കാരിന്റെ വായ്പ പദ്ധതി പ്രകാരമുള്ള തുക നേടാവുന്നതാണ്.