ഇന്ന് കുട്ടികളുള്ള എല്ലാ വീടുകളിലും ഏറ്റവും അധികം ചിലവ് വരുന്ന ഒരു കാര്യമാണ് പൊട്ടറ്റോ ചിപ്സ് പോലുള്ള സ്നാക്സുകൾ.ഒരു ദിവസത്തിൽ തന്നെ എത്ര പാക്കറ്റുകൾ ആണ് നമ്മുടെ വീടുകളിൽ ചിലവാകുന്നത് എന്ന് നോക്കിയാൽ തന്നെ മാർക്കറ്റിൽ ഇത്തരം ഫ്രൈഡ് സ്നാക്സുകൾ എത്ര മാത്രം ലാഭം ഉണ്ടാക്കുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പലരുടേയും മനസ്സിൽ തോന്നിയ ഒരു ആശയം ആയിരിക്കും സ്വന്തമായി ഇത്തരത്തിൽ ഫ്രൈഡ് സ്നാക്സ് കളുടെ ഒരു സംരംഭം ആരംഭിക്കുക എന്നത്.
എന്നാൽ നല്ല ക്വാളിറ്റിയിൽ ബഹുരാഷ്ട്ര കമ്പനികളോട് കിടപിടിക്കുന്ന രീതിയിൽ ഇത്തരം ഒരു സംരംഭം ആരംഭിക്കണം എങ്കിൽ അതിനായി വളരെ ഉയർന്ന മുതൽമുടക്ക് തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ പലരും ഈ ഒരു ആശയം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ സ്വന്തം ബ്രാൻഡ് നെയിമിൽ ഇത്തരം സ്നാക്സുകളുടെ ഒരു സംരംഭം എങ്ങനെ ആരംഭിക്കാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.
നമ്മുടെ നാട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന മരച്ചീനി പോലുള്ള കിഴങ്ങുവർഗ്ഗങ്ങൾ ഉപയോഗിച്ച് വളരെ കുറഞ്ഞ മുതൽ മുടക്കിൽ കേന്ദ്രസർക്കാറിന് കീഴിൽ നിന്നുതന്നെ ഇതിനാവശ്യമായ പ്രവൃത്തിപരിചയം നേടിക്കൊണ്ട് ഏതൊരാൾക്കും തുടങ്ങാവുന്നതാണ് ഫ്രൈഡ് സ്നാക്സ് ബിസിനസ്.
തിരുവനന്തപുരത്തുള്ള ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ഇതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നതാണ്.കിഴങ്ങു കളിൽനിന്നും നിർമ്മിക്കാവുന്ന ചിപ്സ്, പൊടികൾ എന്നിങ്ങനെ എല്ലാവിധ ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളും യന്ത്ര സാമഗ്രഹികളും ഒരുക്കി തരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
കിഴങ്ങു വർഗ്ഗങ്ങളിൽ നിന്ന് എന്തു ഉൽപന്നം വേണമെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടാനുസരണം സ്വന്തം ബ്രാൻഡിൽ ആരംഭിക്കുന്നതിന് തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ഉള്ള കിഴങ്ങുവർഗ ഗവേഷണ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന ടെക്നോ ഇൻക്യുബേഷൻ സെന്റർ വഴി സമീപിക്കാവുന്നതാണ്.
എന്നാൽ നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ച് കൃത്യമായ ഒരു ആശയം മനസിൽ കണ്ടുകൊണ്ടു വേണം നിങ്ങൾ ഇവരെ സമീപിക്കേണ്ടത്. പ്രധാനമായും ഇത്തരം കിഴങ്ങുവർഗ്ഗങ്ങൾ ഉപയോഗിച്ച് തുടങ്ങാവുന്ന ബിസിനസുകൾ ആണ് കിഴങ്ങു വർഗ്ഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന പൊടികൾ അല്ലെങ്കിൽ മാവ്, ഫ്രൈഡ് ചിപ്സ്, മറ്റു സ്നാക്സുകൾ എന്നിവയ്ക്കെല്ലാം ആവശ്യമായ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഇത് കൂടാതെ നിങ്ങൾ നിർമ്മിക്കുന്ന സാധനങ്ങൾ പാക്ക് ചെയ്യുന്നതിന് ആവശ്യമായ പാക്കിങ് യൂണിറ്റുകളും ഇവിടെ തന്നെ ലഭ്യമാണ്.കേരളത്തിലെ ഏതു ജില്ലയിൽ പെടുന്ന ആൾക്കാർക്കും CTCRI ൽ വന്നു താമസിച്ച് വളരെ എളുപ്പത്തിൽ രീതികൾ മനസ്സിലാക്കി സ്വന്തമായി സംരംഭം ആരംഭിക്കാവുന്നതാണ്.
അതിനാൽ തന്നെ വലിയ മുതൽമുടക്കിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ കഴിയാത്തവർക്ക് ഈ ഒരു അവസരം തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ്.ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ കയറി വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. ലിങ്ക് താഴെ നൽകുന്നു.
https://www.ctcri.org/